യാത്രയിക്കടിമ എന്നാൽ...



എല്ലാ യാത്രകൾക്കും ഓരോ കഥകൾ‍ പറയാനുണ്ടാവും… ചിലത് പുതിയ കഥകളുടെ തുടക്കമാവും, മറ്റു ചിലതു പഴയ ഓര്‍മകള്‍‍ പുതുക്കലാവും, അല്ലെങ്കില്‍ ചില കഥകളുടെ അവസാനമാവും, അതുമല്ലെങ്കില്‍ എല്ലാത്തിന്റെയും ഒരു സംയുക്തമായിരിക്കും. ഒരു സഞ്ചാരിക്ക്, അവന്റെ ഉദ്ദിഷ്ടസ്ഥാനത്ത് എത്താന്‍, മിനുട്ടുകളോ, മണിക്കൂറുകളോ അല്ലെങ്കില്‍ ദിവസ്സങ്ങളോ എടുക്കാം. ഓരോ ആളുകളും ഈ സമയം തള്ളി നീക്കുന്നത് പല തരത്തിലാണ്. ജീവിതം എന്ന യാത്രയുടെ കാര്യമാണെങ്കിലും അങ്ങനെ തന്നെ.
ഒരു സഞ്ചാരം, യാത്രയുടെ എല്ലാ അനുഭൂതിയും നല്‍കുന്നത് അതേ വഴിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഒരു പുതിയ വഴിയിലൂടെ പോവുമ്പോളും, പണ്ട് യാത്ര ചെയ്ത വഴികളിലൂടെ പോവുമ്പോളും ഉള്ള അനുഭൂതികള്‍ രണ്ടും രണ്ടാണ്. House & Home ഫീലിങ്ങിലുള്ള വ്യത്യാസം പോലെ..!
പ്രിയപ്പെട്ടോരാളുമായി ഈ അടുത്തുണ്ടായ ഒരു സംഭാഷണം ആണ് , ചെയ്ത യാത്രകളെ പറ്റിയും , മുറിച്ചു കടന്ന പ്ലാറ്റ്ഫോമുകളെ പറ്റിയും, പിറകെ ഓടി പിടിച്ച ആനവണ്ടികളെ പറ്റിയും, യാത്രകളിൽ ഒന്നിച്ചുണ്ടായ കൂട്ടിനെ പറ്റിയും, ചില്ലറകൾ കൂട്ടി കൂട്ടി വെച്ചു ഓരോ സെമസ്റ്റർ ബ്രേക്കിനും എവിടെയെന്നില്ലാതെ വണ്ടി കേറി പോയതിനെ പറ്റിയും, ഇൻസ്റ്റാഗ്രാമിൽ ആരേലും ഒക്കെ ഇട്ട കഫേ ലൊക്കേഷൻ ഉം തപ്പി പോയതിനെ പറ്റിയും ഒക്കെ ഓർത്തുപോയത്..ഈ ഒഴിവുകാലത്തു വല്ലാണ്ട് അവയൊക്കെ കുത്തിനോവിക്കുന്നു..!
KSRTC ബസ്സിലെയും ജനറൽ കോംപാർട്മെന്റിലെയും സൈഡ് സീറ്റിലെ ദീര്ഘദൂരയാത്രയും,  ഇളംകാറ്റും,.  നനയിക്കാത്ത നൂൽമഴയുടെ കുളിര് ഹൃദയംകൊണ്ട് അനുഭവിച്ചറിയലും , ഒരു പശ്ചാത്തലസംഗീതവും ( NFAK യുടെയോ @raazabeegum ന്റെയോ ഗസലുകളാണെങ്കിൽ പിന്നെ 🤤 ),കൂടെ നല്ലൊരു കൂട്ടും, കുറച്ച് നല്ല ഓർമ്മകളും ഉണ്ടെങ്കില്‍ പിന്നെ നമ്മള്‍ വേറെ ഒരു ലെവെലിലായിരിക്കും, ആ യാത്ര ഒരിക്കലും കഴിഞ്ഞു പോവല്ലേ എന്ന് പ്രാർത്ഥിച്ചു പോവും. 
യാത്ര പോലെ തന്നെ പ്രധാന്യമുള്ളതായി എനിക്ക് തോന്നിയത് അവയ്ക്കിടയിൽ പരിചയപ്പെടുന്ന ആളുകളെയാണ്..ഓരോ ഭാവങ്ങൾ ,ഓരോ മനസ്സുകൾ..ട്രെയിനിൽ തൊട്ടടുത്തിരിക്കുന്ന ആളുകൾ , യാത്രക്കിടയിൽ ഭക്ഷണം കഴിക്കുന്നിടത്തു നിന്ന് പരിചയപ്പെടുന്ന ആളുകൾ ആരായാലും.. യാത്രക്കിടയിൽ അവർ എന്തേലും ഒക്കെ പഠിപ്പിച്ചു തന്നിട്ടാവും പോവുക.. ഒരു ചിരി എങ്കിലും അവശേഷിപ്പിച്ചിട്ടാവും നമുക്കിടയിൽ നിന്നും ഇറങ്ങി പോവുക..
യാത്രയിൽ നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്‌ സന്തോഷം നല്കുന്ന കാര്യമാണെങ്കിലും, വഴിയിലുടനീളം നമ്മളിലൂടെ പോവുന്ന ചിന്തകളും, കാഴ്ചകളും, ഓർമകളും വിലകൂടിയ അനുഭൂതികളുമാണ്. Happiness is a journey; not a destination എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തില്‍ നാളെ സന്തോഷം വരുമെന്ന് പ്രതീക്ഷിച്ചു, ഇന്നത്തെ ജീവിതത്തെ സുഖങ്ങളും നല്ല നിമിഷങ്ങളും അനുഭവിക്കാന്‍ നില്ക്കാതെയുള്ള ഓട്ടം അവസാനം പാഴായിപ്പോവും എന്ന് തോന്നുന്നു.. നമ്മുടെ ജീവിതമെന്ന യാത്രയില്‍ ഒരുപാട് കാഴ്ച്ചകള്‍ കാണാന്‍ ഉണ്ട്; അവ ആസ്വദിക്കാതെ ലക്ഷ്യം മാത്രം ആലോചിച്ചു ജീവിക്കുന്നവര്‍ ഉണ്ട്. എത്രത്തോളം ഇത് ശരി ആണെന്നറിയില്ല, എന്നാലും പഴയ നല്ല ഓര്‍മകള്‍ ഇടയ്ക്കെപ്പോഴെങ്കിലും ഓർക്കുന്നത് നല്ലതായിരിക്കും; പ്രത്യേകിച്ച് പഴയ വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍…
പുതിയ വഴികളിലൂടെയുള്ള യാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ പഴയ വഴികളിൽ നിന്ന് കിട്ടിയ അനുഭവങ്ങൾ പാഠങ്ങളായിരിക്കും....!
നമ്മളറിയാത്തിടത്തു നമ്മളെ അറിയാനായി യാത്രകൾ ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട്..!

Comments

Popular posts from this blog

എനിക്ക് മഞ്ഞ മണക്കാറുണ്ട്..✨